Christmas Exam


Labour India Info World

Friday, 31 May 2013

Class IX Social science II Chapter-2. മനുഷ്യന്‍ ആശ്രയിക്കുന്ന ഭൂമി

ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന മഹാത്‌ഭുതം!

അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന ഗിരികന്ദരം പ്രകൃതിയൊരുക്കിയ മഹാത്‌ഭുതങ്ങ ളിലൊന്നാണ്‌. ആറ്‌ ദശലക്ഷം വര്‍ഷംകൊണ്ട്‌ കൊളറാഡോ നദിയാണ്‌ ഈ അത്‌ഭുതത്തിന്‌ രൂപംനല്‍കിയത്‌. ഏതാണ്ട്‌ രണ്ടു ബില്യണ്‍ വര്‍ഷത്തെ ഭൂമിയുടെ ഭൗമചരിത്രം അനാവരണം ചെയ്യാന്‍ ഇതിനു സാധിക്കുന്നുണ്ട്‌. 446 കി.മീ. നീളവും 6.4 മുതല്‍ 29 കി.മീ. വരെ വീതിയുമുള്ള ഈ ഭൂരൂപം ഗ്രാന്‍ഡ്‌ കന്യണ്‍ ദേശീയപാര്‍ക്കിന്‍െറ ഭാഗമാണ്‌. ഇത്തരത്തില്‍ എത്രയെത്ര ഭൂരൂപങ്ങള്‍ ഈ ഭൂമിയിലുണ്ട്‌.
അക്ഷയഖനികളായ അവസാദശിലകള്‍

സാമ്പത്തികപ്രാധാന്യമുള്ള നിരവധി ധാതുക്കളുടെ ഉറവിടങ്ങളാണ്‌ അവസാദശിലകള്‍. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവ പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയാണ്‌. ഇരുമ്പയിര്‌, ഫോസ്‌ഫേറ്റ്‌, ബോക്‌സൈറ്റ്‌, മാംഗനീസ്‌ പരലുകള്‍, കല്ലുപ്പ്‌ തുടങ്ങിയവയൊക്കെ അവസാദശിലകളുടെ ഉല്‌പന്നങ്ങളാണ്‌. 

Class IX Social science Chapter-3. ഇരുമ്പും മനുഷ്യനും

മനുഷ്യരാശിയുടെ പുരോഗതിയുടെ നിര്‍ണായകമായ ഒരു നാഴികക്കല്ലായിരുന്നു ഇരുമ്പിന്‍െറ കണ്ടുപിടിത്തം. പണിയായുധങ്ങളിലുണ്ടായ പുരോഗതിയാണ്‌ മനുഷ്യസംസ്‌കാരത്തെ മുന്നോട്ടുനയിച്ചത്‌. എങ്ങനെയും രൂപപ്പെടുത്താവുന്നതും കാഠിന്യമേറിയതുമായ ഇരുമ്പിന്‍െറ കണ്ടുപിടിത്തമാണ്‌ പ്രകൃതിശക്‌തികളെ കീഴടക്കാന്‍ മനുഷ്യന്‌ തുണയായത്‌. ആധുനിക സമൂഹത്തിന്‌ ഒരുനിമിഷം പോലും ഈ ലോഹത്തെ ഒഴിവാക്കിക്കൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ വയ്യ.
ദൈവം തന്നത്‌...
പുരാതനമനുഷ്യന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത കല്ലുകള്‍ക്കിടയില്‍പെട്ടുപോയ ഉല്‍ക്കാശിലയായിരിക്കാം മനുഷ്യന്‌ ആദ്യമായി സ്വതന്ത്രരൂപത്തില്‍ കിട്ടിയ ഇരുമ്പ്‌ എന്നാണ്‌ ശാസ്‌ത്രനിഗമനം. ഉല്‍ക്കാശിലയില്‍ പ്രധാനമായും ഇരുമ്പും നിക്കലുമാണ്‌ അടങ്ങിയിരിക്കുന്നത്‌. ആകാശത്തുനിന്നും അഗ്‌നിഗോളമായി ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളിലെ ഇരുമ്പിനെ ദൈവം തന്ന അമൂല്യലോഹമായാണ്‌ അക്കാലത്ത്‌ മനുഷ്യര്‍ കരുതിപ്പോന്നത്‌.
ആകാശത്തുനിന്നു വീണ ഇരുമ്പുകട്ട `ഹോബ'

1896ല്‍ റോബര്‍ട്ട്‌ പെറി എന്ന ഭൗമശാസ്‌ത്രജ്‌ഞന്‍ 33 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശില ഗ്രീന്‍ലാന്‍ഡില്‍ നിന്നു കണ്ടെത്തി. ഇത്‌ ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ ഹോബ എന്ന സ്‌ഥലത്തുനിന്നു കണ്ടെത്തിയ 60 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശിലയുണ്ട്‌. ഇതിന്‍െറ പേര്‌ `ഹോബ` എന്നു തന്നെയാണ്‌. ഇതില്‍ 90%വും ഇരുമ്പാണത്രെ!
എങ്ങനെയും മാറ്റാവുന്ന ഇരുമ്പ്‌
ശുദ്ധമായ ഇരുമ്പ്‌ വലിയ ഉപയോഗമൊന്നുമുള്ളതല്ല. സാധാരണ ഉരുക്കിലെ കാര്‍ബണിന്‍െറ സാന്നിദ്ധ്യമാണ്‌ ഇതിന്‌ കാഠിന്യമുണ്ടാക്കുന്നത്‌. കാര്‍ബണിന്‍െറ അളവില്‍ വ്യത്യാസംവരുന്നതിനനുസരിച്ച്‌ ഇരുമ്പിന്‍െറ ഇലാസ്‌തികതയിലും കാഠിന്യത്തിലും വ്യത്യാസം വരുന്നു. പാശ്‌ചാത്യര്‍ക്ക്‌ ഇൗ വസ്‌തുത 18-ാം നൂറ്റാണ്ടില്‍ മാത്രമാണ്‌ മനസ്സിലായത്‌. ഉരുക്കിലെ കാര്‍ബണിന്‍െറ അളവനുസരിച്ച്‌ വ്യത്യസ്‌ത പേരുകളില്‍ അവ അറിയപ്പെടുന്നു. 0.5% മുതല്‍ 0.6% വരെ കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ ഹൈ കാര്‍ബണ്‍ സ്‌റ്റീല്‍.തമരുകളും സ്‌പ്രിങ്ങുകളും വാള്‍ തുടങ്ങിയ വയും ഉണ്ടാക്കാന്‍ ഇതാണ്‌ ഉത്തമം. 0.25% കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ മീഡിയം കാര്‍ബണ്‍ സ്‌റ്റീല്‍. 0.06% മുതല്‍ 0.25% വരെ കാര്‍ബണടങ്ങിയ ഇരുമ്പാണ്‌ സോഫ്‌റ്റ്‌ സ്‌റ്റീല്‍. അതുപോലെ നിര്‍ണായക താപനിലകളിലേക്ക്‌ ഉരുക്കിനെ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോള്‍ ഇരുമ്പിന്‍െറ ക്രിസ്‌റ്റല്‍ ഘടനയില്‍ മാറ്റംവരുത്താം. ഇത്‌ ഇരുമ്പിന്‍െറ ആന്തരികഘടനയിലും ഗുണത്തിലും മാറ്റം വരുത്തുന്നു. ഇരുമ്പിന്‍െറ ബാഹ്യനിരയ്‌ക്കു മാത്രം മാറ്റം വരുത്തുന്ന പ്രത്യേകരീതിയും ഉണ്ട്‌. പതംകാച്ചല്‍, അനീലിങ്‌, ഹാര്‍ഡനിങ്‌ എന്നിവ ഇതില്‍ ചിലതാണ്‌.
ഇരുമ്പുയുഗകാലത്തെ നാണയങ്ങള്‍
നിഷ്‌കം, സുവര്‍ണം, ശതമാനം തുടങ്ങിയ സ്വര്‍ണനാണയങ്ങളും ശതമാനം, ശാന്തം, കാര്‍ഷാപണം, മാഷം മുതലായ വെള്ളിത്തുട്ടുകളും മാഷവും അതിന്‍െറ ഭിന്നങ്ങളുമായ ചെമ്പുതുട്ടുകളും ഇരുമ്പുയുഗകാലത്തെ കൃതികളില്‍ പരാമര്‍ശിക്കന്നുണ്ട്‌. 

Wednesday, 22 May 2013

Class X Social science-II Chapter-8.വികസനവും സമൂഹവും

സ്‌റ്റോക്ക്‌ ഹോം സമ്മേളനം
പരിസ്‌ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യലോകസമ്മേളനം 1972 ല്‍ സ്വീഡന്‍െറ തലസ്‌ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ വച്ചുനടന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്‌ധി ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തെ തുടര്‍ന്നാണ്‌ ഇന്ത്യയില്‍ പരിസ്‌ഥിതിസംരക്ഷണനിയമങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടത്‌. വനം-പരിസ്‌ഥിതി മന്ത്രാലയം, മലിനീകരണനിയന്ത്രണബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്‌ ഇത്തരം നിയമങ്ങളുടെ ചുവടുപിടിച്ചാണ്‌.

റേച്ചല്‍ കാര്‍സണ്‍

രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ സുസ്‌ഥിരവികസനം എന്ന കാഴ്‌ചപ്പാടിന്‌ പ്രാധാന്യം ലഭിക്കുന്നത്‌. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും ഉല്‍പ്പാദനവര്‍ദ്ധനവും പരിസ്‌ഥിതിക്ക്‌ പല തരത്തില്‍ വിനാശകാരണമായി. കീടനാശിനികളുടെ വ്യാപകമായ ഉപയോഗംമൂലം നിരവധി ഇനം പക്ഷികള്‍ ചത്തൊടുങ്ങുകയും ജലാശയങ്ങള്‍ മലിനമാകുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ്‌ 1962ല്‍ റേച്ചല്‍ കാര്‍സണ്‍ തന്‍െറ വിഖ്യാതമായ `സൈലന്‍റ്‌ സ്‌പ്രിംഗ്‌ ' രചിച്ചത്‌. ഇത്‌ കീടനാശിനി ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌ പരിസ്‌ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ ലോകത്ത്‌ നിരവധി സംഘടനകള്‍ പ്രവര്‍ത്തനം വിപുലമാക്കി. ആധുനിക പരിസ്‌ഥിതിപ്രസ്‌ഥാനത്തിന്‍െറ മാതാവായി റേച്ചല്‍ കാര്‍സണ്‍ അറിയപ്പെടുന്നു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പരിസ്‌ഥിതി ചര്‍ച്ചകളില്‍ റേച്ചല്‍ കാര്‍സണിന്‍െറ പരോക്ഷസ്വാധീനം വ്യക്‌തമായി കാണാം. 

Class X Social science-II Chapter-2. ഭൂമിശാസ്‌ത്രത്തിലെ നൂതനസങ്കേതങ്ങള്‍

 ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍
1858ല്‍ ഫ്രഞ്ച്‌ ഛായാഗ്രാഹകനായ ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍ തന്‍െറ ബലൂണ്‍ യാത്രയ്‌ക്കിടയില്‍ ഭൂതലത്തിന്‍െറ ചിത്രമെടുത്തതോടെയാണ്‌ ആകാശീയ ഛായാഗ്രഹണത്തിന്‌ തുടക്കം കുറിച്ചത്‌.
ഭൂകമ്പം പ്രവചിക്കാന്‍ ഭൂമി തുരക്കുന്നു
ഭൂകമ്പം, സുനാമി തുടങ്ങിയ അതി വിനാശകാരികളായ ഭൗമപ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെങ്കില്‍ അപകടതീവ്രത കുറയ്‌ക്കാനാവും. ഇതിനായി അന്തരാഷ്‌ട്രതലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. നമ്മുടെ രാജ്യവും പുതിയൊരു ഭൂകമ്പപ്രവചന സംവിധാനം തയാറാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമി തുരന്ന്‌ അതിലൂടെ പ്രത്യേകതരം റോബോട്ടുകളെ ഇറക്കിയാണ്‌ നിരീക്ഷണ സംവിധാനം തയാറാക്കുക. മഹാരഷ്‌ട്രയിലെ കൊയ്‌ന എന്ന സ്ഥലത്താണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌. ഒരു വന്‍ അണക്കെട്ട്‌ സ്ഥിതിചെയ്യുന്ന കൊയ്‌ന ഭൂകമ്പസാധ്യത ഏറ്റവുമധികമുള്ളമേഖലകളുടെ ഗണത്തില്‍പ്പെടുന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ പദ്ധതിക്ക്‌ കൊയ്‌ന തെരഞ്ഞെടുത്ത്‌. 

ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം (DBMS)
ഏതെങ്കിലും ഒരുപ്രത്യേക രീതിയില്‍ യുക്‌തിക്കനുസരിച്ച്‌ സംയോജിത രൂപത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ സഞ്ചയത്തെ ഡേറ്റാബേസ്‌ (Database) എന്നുപറയുന്നു. ടെലിഫോണ്‍ ഡയറക്‌ടറി, ലൈബ്രറി കാറ്റലോഗ്‌, ഗ്രന്ഥസൂചി തുടങ്ങിയവയൊക്കെ ഡേറ്റാബേസ്‌ ആണെന്നു പറയാം. കമ്പ്യൂട്ടറുകള്‍ ഇത്തരം വിവരസഞ്ചയങ്ങളുടെ നിര്‍മാണവും ഉപയോഗവും എളുപ്പമാക്കി. വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ അദ്‌ഭുതകരമായ പുരോഗതി ലോകത്തിന്‍െറ ഏതു കോണിലുള്ള കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നതും സുഗമമാക്കി. ഇപ്രകാരം ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമായവിധത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഡേറ്റാബേസുകളെ ഒാണ്‍ലൈന്‍ ഡേറ്റാബേസുകള്‍ എന്നുവിളിക്കുന്നു. ഇപ്രകാരമുള്ള ഡേറ്റാബേസുകള്‍ നിര്‍മിക്കുവാനും കൈകാര്യം ചെയ്യുവാനും സഹായിക്കുന്ന സോഫ്‌റ്റ്‌ വെയറുകളെയാണ്‌ ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം എന്നു വിളിക്കുന്നത്‌. eg: ഫോക്‌സ്‌ബേസ്‌, ഫോക്‌സ്‌പ്രോ, ഒറാക്കിള്‍, എം.എസ്‌. ആക്‌സസ്‌.

GPS
ഭൗമോപരിതലത്തിലെ ഏതൊരു സ്‌ഥാനവും ഏതൊരു കാലാവസ്‌ഥയിലും ഏതു സമയത്തും കൃത്യമായി നിര്‍ണയിക്കുവാന്‍ ഇന്നു നിലവിലുള്ള ഒരേയൊരു സംവിധാനമാണ്‌ GPS. ഇതിന്‌ മൂന്ന്‌ ഭാഗങ്ങളാണുള്ളത്‌. ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍, കാറില്‍ ഘടിപ്പിക്കുകയോ കൈയില്‍ കൊണ്ടുനടക്കുകയോ ചെയ്യാവുന്ന ഭൂമിയിലെ സ്വീകരണ സംവിധാനം, ഉപഗ്രഹങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന ഭൗമ കേന്ദ്രങ്ങള്‍ എന്നിവയാണവ. GPS ഉപഗ്രഹങ്ങള്‍ പ്രേഷണം ചെയ്യുന്ന സിഗ്‌നലുകള്‍ GPS സ്വീകരണിയോടുകൂടിയ ഏതൊരാള്‍ക്കും സ്വീകരിക്കാം. ഈ സിഗ്‌നലുകളുടെ സഹായത്താല്‍ ഏതൊരു സ്‌ഥാനവും വളരെ കൃത്യത യോടെ നിര്‍ണയിക്കാം. ചരിത്രത്തിലെതന്നെ ഏറ്റവും അതിശയകരവും വിപ്ലവാത്‌മകവുമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്‌ GPS. ഇതിന്‍െറ പുതിയ പല ഉപയോഗങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. 

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും... 

എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്? കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? മെച്ചപ്പെട്ട റഡാറുകള്‍ നിര്‍മ്മിച്ച് പരിപാലിച്ച്  അവ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്? നമ്മള്‍ സാധാരണക്കാര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെല്ലാം നല്ല മറുപടി ഈയടുത്തകാലത്ത് നമ്മള്‍ക്ക് കിട്ടിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് ഒഡീഷ സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കൊടുങ്കാറ്റിനെ നാം അതിജീവിച്ചപ്പോള്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കായി മുടക്കുന്ന പണം നമുക്ക് നൂറിരട്ടിയായി മുതലായി.



കുറച്ചുകാലം മുന്‍പുവരെ കാലാവസ്ഥാ പ്രവചനം നമുക്കൊരു നേരമ്പോക്കിനുള്ള വകയായിരുന്നു. കാരണം പ്രവചനങ്ങളൊന്നും അങ്ങ് ശരിയാകുന്നില്ല. ഒത്താല്‍ ഒത്തു എന്ന മട്ടിലിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ കാലം മാറിയിരിക്കുന്നു. 1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല. തുടര്‍ന്ന് അരങ്ങേറിയത് ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം, നമ്മളാണ് നമ്പര്‍ വണ്‍.


Class X Social science Chapter-3. സാമ്രാജ്യത്തിന്റെ വളര്‍ച്ച

സാമ്രാജ്യങ്ങളെക്കുറിച്ച്‌ ചരിത്രത്തില്‍ പല സ്ഥലങ്ങളിലും പ്രതിപാദിക്കുന്നുണ്ട്‌. അശോകസാമ്രാജ്യം, അലക്‌സാണ്ടറുടെ സാമ്രാജ്യം, മൗര്യസാമ്രാജ്യം എന്നിങ്ങനെ... എന്നാല്‍ സാമ്രാജ്യത്വം ഒരു പുതിയ അനുഭവമാണ്‌. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തോടെ ലോകത്ത്‌ വളര്‍ന്നുവന്ന പുതിയ പ്രതിഭാസം. ഉല്‍പാദനവും വിതരണവുമെല്ലാം ചില
നിശ്ചിത രാജ്യങ്ങളുടെ നിയന്ത്രണത്തിലായി. അതിലൂടെ ലോകസാമ്പത്തിക മേഖലയുടെ മുഴുവന്‍ നിയന്ത്രണവും ഇൗ രാജ്യങ്ങളുടെ കൈവശം വന്നുചേര്‍ന്നു.

യുവതുര്‍ക്കികള്‍
സുല്‍ത്താന്‍ അബ്‌ദുല്‍ ഹമീദ്‌ തുര്‍ക്കിയില്‍നിന്ന്‌ നാടുകടത്തിയ യുവാക്കളായ ഒട്ടനേകം ബുദ്ധിജീവികള്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും താമസിച്ചുകൊണ്ട്‌ തുര്‍ക്കിയില്‍ പാശ്‌ചാത്യമാതൃകയിലുള്ള രാഷ്‌ട്രീയ സാമൂഹികപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇവരാണ്‌ യുവതുര്‍ക്കികള്‍ എന്നറിയപ്പെടുന്നത്‌. 
യൂറോപ്പിലെ രോഗി
ട്ടോമന്‍ സാമ്രാജ്യം (തുര്‍ക്കി) അതിശക്തമായ സാമ്രാജ്യമായി യൂറോപ്പില്‍ വളര്‍ന്നുവന്നെങ്കിലും 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. തുര്‍ക്കിയുടെ പ്രദേശങ്ങളില്‍ ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും കണ്ണുണ്ടായിരുന്നു. തകരുന്ന തുര്‍ക്കി യൂറോപ്പിലെ രോഗി എന്ന്‌ അറിയപ്പെട്ടു. തുര്‍ക്കിയെ സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ `പൗരസ്‌ത്യ യൂറോപ്യന്‍ സമസ്യ' എന്നപേരില്‍ അറിയപ്പെട്ടത്‌. 
വിയന്ന സമ്മേളനം, മെറ്റേര്‍ണിക്‌ വ്യവസ്‌ഥ
യൂറോപ്പില്‍ നെപ്പോളിയന്റെ പടയോട്ടവും, തൊഴിലാളി മുന്നേറ്റങ്ങളും രാജഭരണങ്ങളില്‍ ഭീതിപടര്‍ത്തി. 
പഴയ സമ്പ്രദായത്തിലുള്ള രാജഭരണങ്ങളുടെ പുനഃസ്ഥാപനത്തിനും, ജനകീയ വിപ്ലവങ്ങളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി 1815ല്‍ വിയന്നയില്‍ ആസ്‌ട്രിയന്‍ ചാന്‍സലര്‍ മെറ്റേര്‍ണിക്കിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനമായിരുന്നു വിയന്ന സമ്മേളനം.  


മെസ്‌റ്റിസോസ്‌
യൂറോപ്യര്‍ക്ക്‌ തെക്കേ അമേരിക്കന്‍ വിവാഹബന്ധങ്ങളില്‍നിന്നും ഉണ്ടായ സന്തതിപരമ്പരകള്‍. യൂറോപ്യരുടേതായ പരിഗണനകള്‍ ഇവര്‍ക്ക്‌ തെക്കേ അമേരിക്കയില്‍ ലഭിച്ചില്ല. ക്രമേണ മെസ്‌റ്റിസോസ്‌ തെക്കെ അമേരിക്കയില്‍ നിര്‍ണ്ണായക ശക്തിയായി വളര്‍ന്നു.

Class X Social science Chapter-2.വിപ്ലവങ്ങളുടെ കാലം

യുദ്ധമൊരു വിപണി
യുദ്ധം ചിലരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിപണികൂടിയാണ്‌. ആഗോളതലത്തില്‍ ഒരു വന്‍ ബിസിനസായി ആയുധക്കച്ചവടം മാറിയിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധാനന്തരം ആയുധവും ഭക്ഷണവും വിറ്റ്‌ ഇങ്ങനെ സമ്പന്നമായൊരു രാഷ്‌ട്രമാണ്‌ അമേരിക്ക. യുദ്ധം കഴിഞ്ഞപ്പോഴേക്കും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ കടക്കാരായിമാറി. 
നീണ്ട പാര്‍ലമെന്റ്‌'
സ്‌കോട്ട്‌ലാന്റുമായി നടന്ന യുദ്ധംമൂലം ഇംഗ്ലണ്ടിന്‌ കൂടുതല്‍ പണത്തിന്‌ ആവശ്യം വന്നു. പുതിയ നികുതിനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനായി 1640ല്‍ രാജാവ്‌ വീണ്ടും പാര്‍ലമെന്റ്‌ വിളിച്ചുചേര്‍ത്തു. ഇംഗ്ലീഷ്‌ചരിത്രത്തിലെ ഏറ്റവും കൂടിയ കാലം നിലനിന്ന പാര്‍ലമെന്റായിരുന്നു ഇത്‌. ചരിത്രപ്രധാനമായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍. രാജാവിനെതിരെ അത്‌ വിജയകരമായി ആഭ്യന്തര യുദ്ധം നയിച്ചു. രാജകീയ സ്വേച്ഛാധിപത്യത്തെ ഇംഗ്ലണ്ടില്‍ നിന്നും തച്ചുടച്ചു. ചാള്‍സ്‌ ഒന്നാമനെ കഴുമരത്തിലേറ്റിയതും ഇൗ `നീണ്ട പാര്‍ലമെന്റ്‌' ആയിരുന്നു. 
മഹത്തായ വിപ്ലവം
 ചാള്‍സ്‌ രണ്ടാമന്‍ 
രാജവാഴ്‌ച പുനഃസ്‌ഥാപിക്കപ്പെട്ട 1660 മുതല്‍ 1685 വരെ ഇംഗ്ലണ്ടില്‍ ചാള്‍സ്‌ രണ്ടാമന്‍ പാര്‍ലമെന്‍റിന്‍െറ സഹായ ത്തോടെയാണ്‌ ഭരണം നടത്തിയിരുന്നത്‌. എന്നാല്‍ 1685 മുതല്‍ 1688വരെ ഭരണം നടത്തിയ ജയിംസ്‌ രണ്ടാമനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ അദ്ദേഹം ഫ്രാന്‍സിലേക്ക്‌ ഒളിച്ചോടി. 1688ല്‍ ജയിംസിന്‍െറ പുത്രിയായ മേരിയെയും ഭര്‍ത്താവ്‌ വില്യമിനെയും പാര്‍ലമെന്‍റ്‌ ബ്രിട്ടീഷ്‌ കിരീടാവകാശികളാക്കി. പ്രത്യേകിച്ച്‌ പ്രക്ഷോഭങ്ങളോ രക്‌തച്ചൊരിച്ചിലോ കൂടാതെ ഇംഗ്ലണ്ടില്‍ ഉണ്ടായ ഈ ഭരണമാറ്റം മഹത്തായ വിപ്ലവം അല്ലെങ്കില്‍ രക്‌തരഹിതവിപ്ലവം എന്നറിയപ്പെട്ടു. 

കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ
1848ല്‍ ജര്‍മ്മന്‍ തത്വചിന്തകരായ കാള്‍ മാര്‍ക്‌സും ഫ്രെഡറിക്‌ ഏംഗല്‍സും തൊഴിലാളിവര്‍ഗത്തിന്റെ സുസ്ഥിതിക്കുവേണ്ടി രൂപം കൊടുത്ത നൂതനാശയങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലൂടെ അവതരിപ്പിച്ചു. ലോകത്താകമാനമുള്ള തൊഴിലാളി വര്‍ഗം സംഘടിക്കുവാനും മുതലാളിത്ത വ്യവസ്ഥിതിയെ തകര്‍ക്കുവാനും ആഹ്വാനം ചെയ്‌ത ഇവര്‍ സോഷ്യലിസ്റ്റ്‌ ആശയത്തിന്റെ വക്താക്കളായിരുന്നു.
അവകാശ നിയമം -1689
ഇംഗ്ലണ്ടിലെ കിരീടം വില്യമിനും മേരിക്കും നല്‍കുമ്പോള്‍ പാര്‍ലമെന്റിന്റെ അധികാരവും പ്രൊട്ടസ്‌റ്റന്റ്‌ മതവും സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാര്‍ലമെന്റ്‌ എടുത്തിരുന്നു. ഇതിനുവേണ്ടി 1689ല്‍ നടത്തിയ അവകാശപ്രഖ്യാപനം പിന്നീട്‌ നിയമമാക്കി അംഗീകരിച്ചു.
അവകാശ നിയമം - പ്രധാന അനുശാസനങ്ങള്‍
  • ഇംഗ്ലണ്ടിലെ രാജാവോ, രാജ്ഞിയോ ആവുന്ന ആള്‍ ഒരു ആംഗ്ലിക്കന്‍ മതവിശ്വാസി ആയിരിക്കണം.
  • രാജാവ്‌ തന്റെ രാജ്യത്തെ നിയമങ്ങള്‍ തന്നിഷ്‌ടപ്രകാരം റദ്ദുചെയ്യാന്‍ പാടില്ല.
  • പാര്‍ലമെന്റിന്റെ സമ്മതം കൂടാതെ നികുതി ചുമത്തരുത്‌.
  • രാജാവിന്‌ പരാതികള്‍ എഴുതി സമര്‍പ്പിക്കാന്‍ പ്രജകള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.
  • പാര്‍ലമെന്റ്‌ ഇടയ്‌ക്കിടെ വിളിച്ചുചേര്‍ക്കണം.
വിയന്ന സമ്മേളനത്തിന്റെ രാഷ്‌ട്രീയപ്രാധാന്യം
നെപ്പോളിയന്‍ മാറ്റിമറിച്ച യൂറോപ്പിലെ രാഷ്‌ട്രീയ ഭൂപടം മാറ്റി എഴുതാന്‍ ആസ്‌ട്രിയന്‍ ചാന്‍സലറായ മെറ്റേര്‍ണിക്കിന്റെ നേതൃത്വത്തില്‍ 1815ല്‍ വിയന്നയില്‍ ചേര്‍ന്ന സമ്മേളനമായിരുന്നു വിയന്ന സമ്മേളനം. ഫ്രഞ്ചുവിപ്ലവവും നെപ്പോളിയന്റെ ഭരണപരിഷ്‌കാരങ്ങളും യൂറോപ്പിലെ രാജഭരണത്തെ ഭീതിയില്‍ ആഴ്‌ത്തിയിരുന്നു. ഫ്രാന്‍സ്‌ തുറന്നുവിട്ട ആശയഭൂതം തങ്ങളെയും പിടികൂടുമോ എന്ന്‌ അവര്‍ ഭയപ്പെട്ടു. നെപ്പോളിയന്റെ ആക്രമണത്തോടെ തകര്‍ന്ന രാജഭരണങ്ങള്‍ പുനഃസ്ഥാപിക്കാനും യൂറോപ്പില്‍ വളര്‍ന്നുവന്ന ദേശീയതയേയും, ജനാധിപത്യബോധത്തേയും തകര്‍ക്കാനും വിയന്ന സമ്മേളനത്തിന്‌ കഴിഞ്ഞു

Tuesday, 14 May 2013

Class V Social science Chapter-1. ആശ്രിതരുടെ സങ്കടം

കൃഷി
കാര്‍ഷികമേഖലയ്‌ക്ക്‌ ഉൗന്നല്‍ നല്‍കിയിരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്‌ഥിതിയാണ്‌ കേരളത്തിലുള്ളത്‌. കാര്‍ഷിക വിളകളുടെ വിലയിടിവും വിദേശത്തുനിന്നുള്ള കാര്‍ഷിക വിളകളുടെ കടന്നുകയറ്റവും ഇൗ മേഖലയ്‌ക്ക്‌ ഏറെ വെല്ലുവിളികള്‍ സൃഷ്‌ടിച്ചിരിക്കുന്നു. വയലേലകള്‍ നികത്തപ്പെടുന്നത്‌ നിത്യസംഭവമായി മാറിയത്‌ കാര്‍ഷികമേഖലയുടെ തകര്‍ച്ചയെ വ്യക്‌തമാക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ കൃഷിയില്‍നിന്നും നാണ്യവിളകളിലേക്കുള്ള പ്രകടമായ മാറ്റം കഴിഞ്ഞ കുറെക്കാലമായി കേരളത്തില്‍ കണ്ടുവരുന്നു. ദേശീയ ശരാശരിക്കും താഴെയാണ്‌ കേരളത്തിലെ കാര്‍ഷിക ഉല്‌പാദനവും ഉല്‌പാദനക്ഷമതയും.
1950കളില്‍ നമുക്കാവശ്യമുള്ള ഭക്ഷ്യവസ്‌തുക്കളുടെ പകുതിയോളം ഇവിടെ ഉല്‌പാദിപ്പിച്ചിരുന്നു. ഇന്നിത്‌ നാലിലൊന്നില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. നെല്‍കൃഷിയുടെ വിസ്‌താരത്തില്‍ അനുദിനം കുറവ്‌ വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കൃഷി ഇന്നൊരു പ്രതിസന്‌ധിയിലാണെന്നുതന്നെ പറയാം. 


ഗോതമ്പ്‌
ഒരു പ്രധാന ഭക്ഷ്യഇനമായ ഗോതമ്പ്‌, ഗ്രാമിനെ സസ്യകുലത്തിലെ ട്രിറ്റിക്കം ജീനസില്‍പ്പെടുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യ, ചൈന, ഈജിപ്‌ത്‌, പാലസ്‌തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗോതമ്പ്‌ കൃഷി ചെയ്‌തിരുന്നു. വടക്കുപടിഞ്ഞാറെ ഇന്ത്യയാണ്‌ ഗോതമ്പിന്‍െറ ഉത്‌ഭവസ്‌ഥാനം എന്നൊരു വാദമുണ്ട്‌. 


കൃഷിയോടനുബന്‌ധിച്ചുള്ള
ചില ഉത്‌സവങ്ങളും ആചാരങ്ങളും

  • പുത്തരി: ആണ്ടുതോറും ആദ്യത്തെ വിളവെടുപ്പ്‌ കഴിഞ്ഞ്‌ പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങ്‌.
  • ഇല്ലംനിറ: പുത്തന്‍നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ കയറ്റി പൂജിക്കുന്ന ചടങ്ങ്‌.
  • ഉച്ചാറല്‍: കൃഷിക്കാലം കഴിയുന്ന മകരമാസാന്ത്യത്തില്‍ ആ വര്‍ഷത്തെ കൃഷിക്കാലം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്ന ഉത്‌സവം.
  • കതിരുവേല: ഒരുതരം വിളവെടുപ്പുത്‌സവം. ഓലകൊണ്ട്‌ മെടഞ്ഞുണ്ടാക്കുന്ന കൂടകള്‍ നെല്‍ക്കതിര്‍കൊണ്ട്‌ അലങ്കരിച്ച്‌, മുളയില്‍ തൂക്കി, പാട്ടുപാടിക്കൊണ്ട്‌ ഭഗവതിക്കാവുകളില്‍ വരികയും കളിക്കാര്‍ കൈ കോര്‍ത്തുപിടിച്ച്‌ താളം ചവിട്ടിക്കളിക്കുകയും ചെയ്യും.
  • കതിരുകാള നൃത്തം: ദക്ഷിണകേരളത്തിലെ നെല്‍ക്കൃഷിക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരു കാര്‍ഷികനൃത്തം. നെല്‍ക്കതിര്‍കൊണ്ട്‌ കാളയുടെ മാതൃകയുണ്ടാക്കി, കെട്ടുകാഴ്‌ചയായി വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കും. കൃഷിക്കും ഗോസംരക്ഷണത്തിനും ഇത്‌ നല്ലതാണെന്നാണ്‌ പ്രാചീന വിശ്വാസം. 
Festivals and rituals associated with agriculture
  • Puthari: A ritual conducted every year when the grains of the first harvest are consumed.
  • Illamnira: Poojas are offered after paddy, from the first harvest, is brought into the house at an auspicious time.
  • Ucharal: This is a festival to announce the end of the agricultural season of that year. It is held at the end of the month of Makaram.
  • Kathiruvela: A type of harvest festival. Dancers holding hands and stepping in rhythm dance with ecstasy and go in a procession carrying umbrellas made of palm fronds and decorated with sheaves of paddy to temples.
  • Kathirukala dance: A dance form existing among the farmers in southern Kerala. An image of ox made out of the ears of corn is taken out in a procession to temples accompanied by music and dance as an offering to the deity. It was believed that this ritual dance was good for the cattle as well as the crops.