Christmas Exam


Labour India Info World

Friday, 14 June 2013

Class VI Social science Chapter 2. ഇവിടെ ജീവിക്കുന്നവര്‍

കേരള ജനതയുടെ ഒരു ശതമാനത്തോളം വരുന്ന ആദിവാസികള്‍ വയനാട്‌, അട്ടപ്പാടി, ഇടുക്കി, പത്തനംതിട്ട മേഖലകളിലാണ്‌ കൂടുതലായി ജീവിക്കുന്നത്‌. വനമേഖലവിട്ട്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതമാര്‍ഗ്ഗം തേടി കഴിയുന്നവരുമുണ്ട്‌. ഇവരിലെ പ്രധാന വിഭാഗങ്ങള്‍ ഇവയാണ്‌.
  • പണിയര്‍ - വയനാട്‌, തളിപ്പറമ്പ്‌, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്‌, ഏറനാട്‌, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു. സാമ്പത്തിക - വിദ്യാഭ്യാസരംഗങ്ങളില്‍ ഇവര്‍ വളരെ പിന്നിലാണ്‌.
  • കുറിച്യര്‍ -വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. സാമൂഹികമായി മറ്റു ഗിരിജനങ്ങളേക്കാള്‍ പരിഷ്‌കാരമുള്ളവര്‍. അമ്പുംവില്ലും ഉപയോഗിക്കുന്നതില്‍ സാമര്‍ത്ഥ്യം കൂടുതലുണ്ട്‌.
  • മുള്ളുകുറുമര്‍ - വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. തൊഴില്‍ കൃഷി. മലയാളം സംസാരിക്കുന്നു.
  • ഉൗരാളിക്കുറുമര്‍ - കന്നഡയും മലയാളവും കലര്‍ന്ന ഭാഷ. ജോലി - മരപ്പണി, ഇരുമ്പുപണി, മണ്‍പാത്രനിര്‍മ്മാണം.
  • കാട്ടുനായ്‌ക്കര്‍ - പ്രധാനമായും വയനാട്ടില്‍ ജീവി ക്കുന്നു. കാട്ടിനുള്ളില്‍ താമസം. തേന്‍ശേഖരണം പ്രധാന തൊഴില്‍.
  • അടിയാന്മാര്‍ - മാനന്തവാടിക്കു സമീപം വസിക്കുന്നു. പ്രധാനതൊഴില്‍ കൃഷിപ്പണി.
  • വയനാടന്‍ പുലയര്‍- തെക്കേ വയനാട്ടില്‍ വസിക്കുന്നു. ഇവരുടെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.
  • ചെട്ടികള്‍ - വയനാട്ടില്‍ കാര്‍ഷിക ജോലിയിലേര്‍പ്പെടുന്നവര്‍. മലയാളം സംസാരിക്കുന്നു.
  • ഇരുളര്‍ - അട്ടപ്പാടിയിലെ മുഖ്യ ആദിവാസി വര്‍ഗം. കന്നഡകലര്‍ന്ന തമിഴാണ്‌ ഭാഷ. ഇവരെ കൂടാതെ മുഡുഗര്‍, മാവിലര്‍, കരിമ്പാലന്മാര്‍, മുതുവാന്മാര്‍, ഉൗരാളികള്‍ തുടങ്ങിയ പല വര്‍ഗ്ഗത്തില്‍ പെട്ടവരും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഏകദേശം നാല്‌പതോളം വിഭാഗങ്ങള്‍ ഇവര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. 
വനമൊഴിയുന്ന വനവാസികള്‍

പരിസ്‌ഥിതിയോടൊപ്പം ഇണങ്ങിച്ചേര്‍ന്നുകൊണ്ടു ജീവിക്കുന്ന ആദിവാസികള്‍ എണ്ണത്തിലും വണ്ണത്തിലും കുറയുകയാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. പഴയമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു ന്യൂനപക്ഷവിഭാഗമായി ഇവര്‍ മാറിയിട്ടുണ്ട്‌. 2001ലെ സെന്‍സസ്‌പ്രകാരം ആകെയുള്ള മൂന്നുലക്ഷത്തി അറുപത്തിനാലായിരം ആദിവാസികളില്‍ കാട്ടില്‍ കഴിയുന്നത്‌ കേവലം 23%ത്തോളം മാത്രമാണ്‌. 35ലധികം വിഭാഗങ്ങളുള്ള ആദിവാസികളില്‍ പത്തോളം വിഭാഗത്തില്‍പ്പെട്ട ആരും തന്നെ വനത്തില്‍ കഴിയുന്നുമില്ല. ആദിവാസിയെന്നാല്‍ വനത്തില്‍ കഴിയുന്നവരാണെന്ന ധാരണ ഇതോടെ തിരുത്തപ്പെടുന്നു. അടിയാന്‍, ഇരുളന്‍, ഉള്ളാടന്‍, ഉൗരാളി, കാടര്‍, കാട്ടുനായിക്കന്‍, കാണിക്കാരന്‍, കുറിച്യന്‍, കുറുമന്‍, കുറുമ്പന്‍,
പണിയന്‍, പളിയന്‍ (പള്ളിയന്‍), മന്നാന്‍, മലയരയന്‍ (മല അരയര്‍), മലമ്പണ്ടാരം, മലയന്‍, മലവേടന്‍, മലമ്പര്‍, മഹാമലമ്പര്‍, മുതുവാന്‍, ഹില്‍പുലയന്‍ എന്നീ 21 വിഭാഗക്കാരാണ്‌ വനത്തില്‍ താമസിക്കുന്നത്‌. 2001 സെന്‍സസ്‌പ്രകാരം ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗങ്ങളുള്ള ജില്ല വയനാടാണ്‌. 1,36,062 പേര്‍ ഇവിടെയുണ്ട്‌. രണ്ടാംസ്‌ഥാനത്ത്‌ ഇടുക്കിയും. ഏറ്റവും കുറവ്‌ ആലപ്പുഴയിലും. കേവലം 3131 പേര്‍ മാത്രം. 

Tuesday, 11 June 2013

Class VII Social science Chapter 3. ഇന്ത്യ ഉണരുന്നു



Class VII Social science Chapter 2. മനുഷ്യത്വം വിളയുന്ന ഭൂമി

ശിക്ഷ ജാതിതിരിച്ച്‌
മധ്യകാലം മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിചിത്രമായ കുറ്റാന്വേഷണസമ്പ്രദായത്തിലും സവര്‍ണ്ണമേധാവിത്വം തെളിഞ്ഞു കാണാം. നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും അവര്‍ണരെ കഴുവേറ്റിയിരുന്നു. ആനയെക്കൊണ്ട്‌ ചവിട്ടിച്ചു കൊല്ലുക, പീരങ്കിയുടെ വായില്‍ക്കൂടി ചിന്നിച്ചിതറിക്കുക, കണ്ണ്‌ ചൂഴ്‌ന്നെടുക്കുക, കൈ, ചെവി, മൂക്ക്‌ മുതലായവ വെട്ടിക്കളയുക, ചാട്ടവാര്‍ കൊണ്ടടിച്ച്‌ പൊട്ടിച്ച്‌ മുറിവില്‍ കുരുമുളക്‌ അരച്ചുപുരട്ടി വെയിലത്തു നിര്‍ത്തുക, തുടങ്ങിയ ശിക്ഷാവിധികളും അവര്‍ണര്‍ക്ക്‌ ഉണ്ടായിരുന്നു. 

യോഗക്ഷേമസഭ (1908)
നമ്പൂതിരിസമുദായക്ഷേമം ലക്ഷ്യമാക്കി രൂപംകൊണ്ട സംഘടനയാണ്‌ യോഗക്ഷേമസഭ. ജാതികൊണ്ടും ഭൂപ്രഭുത്വംകൊണ്ടും ഏറ്റവും ഉയര്‍ന്ന വിഭാഗമായിരുന്നെങ്കിലും ആ സമുദായത്തിനുമുണ്ടായിരുന്നു പല അവശതകളും. ഇതരസമുദായങ്ങളുടെ അവശത മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ നമ്പൂതിരിമാരുടേത്‌ സ്വയംകൃതമാണ്‌ എന്നൊരു വ്യത്യാസമേയുള്ളൂ. കേരളത്തിലെ നമ്പൂതിരിമാരുടെ പ്രത്യേകതരത്തിലുള്ള കുടുംബഘടനയായിരുന്നു ആ സമുദായത്തിന്‍െറ ദുരവസ്‌ഥയ്‌ക്കുകാരണം. കുടുംബത്തില്‍ മൂത്തയാള്‍ക്കുമാത്രം സ്വജാതിയില്‍ വേളി; ശേഷമുള്ളവര്‍ക്ക്‌ മറ്റു സവര്‍ണസമുദായത്തിലെ സ്‌ത്രീകളുമായി സംബന്‌ധം ഇതായിരുന്നു സമുദായാചാരം. നമ്പൂതിരിസമുദായത്തിലെ പുരുഷന്മാരുടെ അവസ്‌ഥ മറ്റൊന്നായിരുന്നു. മൂത്തജ്യേഷ്‌ഠന്‍ കുടുംബം കയ്യാളുന്നു. കുടുംബസ്വത്ത്‌ അയാള്‍ക്കുമാത്രമാണ്‌. അനുജന്മാര്‍ക്ക്‌ (അപ്‌ഫന്മാര്‍ക്ക്‌) ഇല്ലത്ത്‌ ഒരു സ്‌ഥാനവുമില്ല. 1908 മാര്‍ച്ചില്‍ ശിവരാത്രി ദിവസം ആലുവാ ചെറുമുക്കുവൈദികന്‍െറ ഇല്ലത്തുവച്ച്‌ ദേശമംഗലത്ത്‌ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ യോഗക്ഷേമസഭയ്‌ക്ക്‌ രൂപം നല്‍കിയത്‌.
സാധുജനപരിപാലനസംഘം (1905)
കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായ അയ്യങ്കാളി(1863-1941) തിരുവനന്തപുരത്തിനടുത്ത്‌ വെങ്ങാനൂരില്‍ ഒരു പുലയകുടുംബത്തില്‍ ജനിച്ചു. പുലയസമുദായോല്‍ക്കര്‍ഷം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചുനടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1905ല്‍ സാധുജനപരിപാലനസംഘത്തിന്‌ രൂപം നല്‍കി.
ഹരിജനങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യംപോലും അന്നുണ്ടായിരുന്നില്ല. അയ്യങ്കാളിയിലെ സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ ആദ്യം പ്രതികരിച്ചത്‌ ഇൗ അനീതിയോടായിരുന്നു. സമീപസ്‌ഥലങ്ങളില്‍നിന്നായി ഏതാനും പുലയയുവാക്കളെ സംഘടിപ്പിച്ച്‌ പൊതുനിരത്തില്‍ക്കൂടി നടന്നു. അന്നത്തെ നിലയില്‍ വിപ്ലവകരമായ ഇൗ സംഭവം ഹരിജനങ്ങളില്‍ സാമൂഹികമായ ഉണര്‍വും ഐക്യബോധവുമുണ്ടാക്കി. 1910ല്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം അംഗമായി. സാമൂഹിക അനീതികള്‍ക്കെതിരെ പടവാളോങ്ങിയ അയ്യങ്കാളി 20-ാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനാണ്‌.

Friday, 31 May 2013

Class IX Social science II Chapter-2. മനുഷ്യന്‍ ആശ്രയിക്കുന്ന ഭൂമി

ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന മഹാത്‌ഭുതം!

അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന ഗിരികന്ദരം പ്രകൃതിയൊരുക്കിയ മഹാത്‌ഭുതങ്ങ ളിലൊന്നാണ്‌. ആറ്‌ ദശലക്ഷം വര്‍ഷംകൊണ്ട്‌ കൊളറാഡോ നദിയാണ്‌ ഈ അത്‌ഭുതത്തിന്‌ രൂപംനല്‍കിയത്‌. ഏതാണ്ട്‌ രണ്ടു ബില്യണ്‍ വര്‍ഷത്തെ ഭൂമിയുടെ ഭൗമചരിത്രം അനാവരണം ചെയ്യാന്‍ ഇതിനു സാധിക്കുന്നുണ്ട്‌. 446 കി.മീ. നീളവും 6.4 മുതല്‍ 29 കി.മീ. വരെ വീതിയുമുള്ള ഈ ഭൂരൂപം ഗ്രാന്‍ഡ്‌ കന്യണ്‍ ദേശീയപാര്‍ക്കിന്‍െറ ഭാഗമാണ്‌. ഇത്തരത്തില്‍ എത്രയെത്ര ഭൂരൂപങ്ങള്‍ ഈ ഭൂമിയിലുണ്ട്‌.
അക്ഷയഖനികളായ അവസാദശിലകള്‍

സാമ്പത്തികപ്രാധാന്യമുള്ള നിരവധി ധാതുക്കളുടെ ഉറവിടങ്ങളാണ്‌ അവസാദശിലകള്‍. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവ പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയാണ്‌. ഇരുമ്പയിര്‌, ഫോസ്‌ഫേറ്റ്‌, ബോക്‌സൈറ്റ്‌, മാംഗനീസ്‌ പരലുകള്‍, കല്ലുപ്പ്‌ തുടങ്ങിയവയൊക്കെ അവസാദശിലകളുടെ ഉല്‌പന്നങ്ങളാണ്‌. 

Class IX Social science Chapter-3. ഇരുമ്പും മനുഷ്യനും

മനുഷ്യരാശിയുടെ പുരോഗതിയുടെ നിര്‍ണായകമായ ഒരു നാഴികക്കല്ലായിരുന്നു ഇരുമ്പിന്‍െറ കണ്ടുപിടിത്തം. പണിയായുധങ്ങളിലുണ്ടായ പുരോഗതിയാണ്‌ മനുഷ്യസംസ്‌കാരത്തെ മുന്നോട്ടുനയിച്ചത്‌. എങ്ങനെയും രൂപപ്പെടുത്താവുന്നതും കാഠിന്യമേറിയതുമായ ഇരുമ്പിന്‍െറ കണ്ടുപിടിത്തമാണ്‌ പ്രകൃതിശക്‌തികളെ കീഴടക്കാന്‍ മനുഷ്യന്‌ തുണയായത്‌. ആധുനിക സമൂഹത്തിന്‌ ഒരുനിമിഷം പോലും ഈ ലോഹത്തെ ഒഴിവാക്കിക്കൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ വയ്യ.
ദൈവം തന്നത്‌...
പുരാതനമനുഷ്യന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത കല്ലുകള്‍ക്കിടയില്‍പെട്ടുപോയ ഉല്‍ക്കാശിലയായിരിക്കാം മനുഷ്യന്‌ ആദ്യമായി സ്വതന്ത്രരൂപത്തില്‍ കിട്ടിയ ഇരുമ്പ്‌ എന്നാണ്‌ ശാസ്‌ത്രനിഗമനം. ഉല്‍ക്കാശിലയില്‍ പ്രധാനമായും ഇരുമ്പും നിക്കലുമാണ്‌ അടങ്ങിയിരിക്കുന്നത്‌. ആകാശത്തുനിന്നും അഗ്‌നിഗോളമായി ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളിലെ ഇരുമ്പിനെ ദൈവം തന്ന അമൂല്യലോഹമായാണ്‌ അക്കാലത്ത്‌ മനുഷ്യര്‍ കരുതിപ്പോന്നത്‌.
ആകാശത്തുനിന്നു വീണ ഇരുമ്പുകട്ട `ഹോബ'

1896ല്‍ റോബര്‍ട്ട്‌ പെറി എന്ന ഭൗമശാസ്‌ത്രജ്‌ഞന്‍ 33 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശില ഗ്രീന്‍ലാന്‍ഡില്‍ നിന്നു കണ്ടെത്തി. ഇത്‌ ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ ഹോബ എന്ന സ്‌ഥലത്തുനിന്നു കണ്ടെത്തിയ 60 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശിലയുണ്ട്‌. ഇതിന്‍െറ പേര്‌ `ഹോബ` എന്നു തന്നെയാണ്‌. ഇതില്‍ 90%വും ഇരുമ്പാണത്രെ!
എങ്ങനെയും മാറ്റാവുന്ന ഇരുമ്പ്‌
ശുദ്ധമായ ഇരുമ്പ്‌ വലിയ ഉപയോഗമൊന്നുമുള്ളതല്ല. സാധാരണ ഉരുക്കിലെ കാര്‍ബണിന്‍െറ സാന്നിദ്ധ്യമാണ്‌ ഇതിന്‌ കാഠിന്യമുണ്ടാക്കുന്നത്‌. കാര്‍ബണിന്‍െറ അളവില്‍ വ്യത്യാസംവരുന്നതിനനുസരിച്ച്‌ ഇരുമ്പിന്‍െറ ഇലാസ്‌തികതയിലും കാഠിന്യത്തിലും വ്യത്യാസം വരുന്നു. പാശ്‌ചാത്യര്‍ക്ക്‌ ഇൗ വസ്‌തുത 18-ാം നൂറ്റാണ്ടില്‍ മാത്രമാണ്‌ മനസ്സിലായത്‌. ഉരുക്കിലെ കാര്‍ബണിന്‍െറ അളവനുസരിച്ച്‌ വ്യത്യസ്‌ത പേരുകളില്‍ അവ അറിയപ്പെടുന്നു. 0.5% മുതല്‍ 0.6% വരെ കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ ഹൈ കാര്‍ബണ്‍ സ്‌റ്റീല്‍.തമരുകളും സ്‌പ്രിങ്ങുകളും വാള്‍ തുടങ്ങിയ വയും ഉണ്ടാക്കാന്‍ ഇതാണ്‌ ഉത്തമം. 0.25% കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ മീഡിയം കാര്‍ബണ്‍ സ്‌റ്റീല്‍. 0.06% മുതല്‍ 0.25% വരെ കാര്‍ബണടങ്ങിയ ഇരുമ്പാണ്‌ സോഫ്‌റ്റ്‌ സ്‌റ്റീല്‍. അതുപോലെ നിര്‍ണായക താപനിലകളിലേക്ക്‌ ഉരുക്കിനെ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോള്‍ ഇരുമ്പിന്‍െറ ക്രിസ്‌റ്റല്‍ ഘടനയില്‍ മാറ്റംവരുത്താം. ഇത്‌ ഇരുമ്പിന്‍െറ ആന്തരികഘടനയിലും ഗുണത്തിലും മാറ്റം വരുത്തുന്നു. ഇരുമ്പിന്‍െറ ബാഹ്യനിരയ്‌ക്കു മാത്രം മാറ്റം വരുത്തുന്ന പ്രത്യേകരീതിയും ഉണ്ട്‌. പതംകാച്ചല്‍, അനീലിങ്‌, ഹാര്‍ഡനിങ്‌ എന്നിവ ഇതില്‍ ചിലതാണ്‌.
ഇരുമ്പുയുഗകാലത്തെ നാണയങ്ങള്‍
നിഷ്‌കം, സുവര്‍ണം, ശതമാനം തുടങ്ങിയ സ്വര്‍ണനാണയങ്ങളും ശതമാനം, ശാന്തം, കാര്‍ഷാപണം, മാഷം മുതലായ വെള്ളിത്തുട്ടുകളും മാഷവും അതിന്‍െറ ഭിന്നങ്ങളുമായ ചെമ്പുതുട്ടുകളും ഇരുമ്പുയുഗകാലത്തെ കൃതികളില്‍ പരാമര്‍ശിക്കന്നുണ്ട്‌. 

Wednesday, 22 May 2013

Class X Social science-II Chapter-8.വികസനവും സമൂഹവും

സ്‌റ്റോക്ക്‌ ഹോം സമ്മേളനം
പരിസ്‌ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യലോകസമ്മേളനം 1972 ല്‍ സ്വീഡന്‍െറ തലസ്‌ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ വച്ചുനടന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്‌ധി ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തെ തുടര്‍ന്നാണ്‌ ഇന്ത്യയില്‍ പരിസ്‌ഥിതിസംരക്ഷണനിയമങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടത്‌. വനം-പരിസ്‌ഥിതി മന്ത്രാലയം, മലിനീകരണനിയന്ത്രണബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്‌ ഇത്തരം നിയമങ്ങളുടെ ചുവടുപിടിച്ചാണ്‌.

റേച്ചല്‍ കാര്‍സണ്‍

രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ സുസ്‌ഥിരവികസനം എന്ന കാഴ്‌ചപ്പാടിന്‌ പ്രാധാന്യം ലഭിക്കുന്നത്‌. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും ഉല്‍പ്പാദനവര്‍ദ്ധനവും പരിസ്‌ഥിതിക്ക്‌ പല തരത്തില്‍ വിനാശകാരണമായി. കീടനാശിനികളുടെ വ്യാപകമായ ഉപയോഗംമൂലം നിരവധി ഇനം പക്ഷികള്‍ ചത്തൊടുങ്ങുകയും ജലാശയങ്ങള്‍ മലിനമാകുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ്‌ 1962ല്‍ റേച്ചല്‍ കാര്‍സണ്‍ തന്‍െറ വിഖ്യാതമായ `സൈലന്‍റ്‌ സ്‌പ്രിംഗ്‌ ' രചിച്ചത്‌. ഇത്‌ കീടനാശിനി ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌ പരിസ്‌ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ ലോകത്ത്‌ നിരവധി സംഘടനകള്‍ പ്രവര്‍ത്തനം വിപുലമാക്കി. ആധുനിക പരിസ്‌ഥിതിപ്രസ്‌ഥാനത്തിന്‍െറ മാതാവായി റേച്ചല്‍ കാര്‍സണ്‍ അറിയപ്പെടുന്നു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പരിസ്‌ഥിതി ചര്‍ച്ചകളില്‍ റേച്ചല്‍ കാര്‍സണിന്‍െറ പരോക്ഷസ്വാധീനം വ്യക്‌തമായി കാണാം. 

Class X Social science-II Chapter-2. ഭൂമിശാസ്‌ത്രത്തിലെ നൂതനസങ്കേതങ്ങള്‍

 ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍
1858ല്‍ ഫ്രഞ്ച്‌ ഛായാഗ്രാഹകനായ ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍ തന്‍െറ ബലൂണ്‍ യാത്രയ്‌ക്കിടയില്‍ ഭൂതലത്തിന്‍െറ ചിത്രമെടുത്തതോടെയാണ്‌ ആകാശീയ ഛായാഗ്രഹണത്തിന്‌ തുടക്കം കുറിച്ചത്‌.
ഭൂകമ്പം പ്രവചിക്കാന്‍ ഭൂമി തുരക്കുന്നു
ഭൂകമ്പം, സുനാമി തുടങ്ങിയ അതി വിനാശകാരികളായ ഭൗമപ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെങ്കില്‍ അപകടതീവ്രത കുറയ്‌ക്കാനാവും. ഇതിനായി അന്തരാഷ്‌ട്രതലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. നമ്മുടെ രാജ്യവും പുതിയൊരു ഭൂകമ്പപ്രവചന സംവിധാനം തയാറാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമി തുരന്ന്‌ അതിലൂടെ പ്രത്യേകതരം റോബോട്ടുകളെ ഇറക്കിയാണ്‌ നിരീക്ഷണ സംവിധാനം തയാറാക്കുക. മഹാരഷ്‌ട്രയിലെ കൊയ്‌ന എന്ന സ്ഥലത്താണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌. ഒരു വന്‍ അണക്കെട്ട്‌ സ്ഥിതിചെയ്യുന്ന കൊയ്‌ന ഭൂകമ്പസാധ്യത ഏറ്റവുമധികമുള്ളമേഖലകളുടെ ഗണത്തില്‍പ്പെടുന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ പദ്ധതിക്ക്‌ കൊയ്‌ന തെരഞ്ഞെടുത്ത്‌. 

ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം (DBMS)
ഏതെങ്കിലും ഒരുപ്രത്യേക രീതിയില്‍ യുക്‌തിക്കനുസരിച്ച്‌ സംയോജിത രൂപത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ സഞ്ചയത്തെ ഡേറ്റാബേസ്‌ (Database) എന്നുപറയുന്നു. ടെലിഫോണ്‍ ഡയറക്‌ടറി, ലൈബ്രറി കാറ്റലോഗ്‌, ഗ്രന്ഥസൂചി തുടങ്ങിയവയൊക്കെ ഡേറ്റാബേസ്‌ ആണെന്നു പറയാം. കമ്പ്യൂട്ടറുകള്‍ ഇത്തരം വിവരസഞ്ചയങ്ങളുടെ നിര്‍മാണവും ഉപയോഗവും എളുപ്പമാക്കി. വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ അദ്‌ഭുതകരമായ പുരോഗതി ലോകത്തിന്‍െറ ഏതു കോണിലുള്ള കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നതും സുഗമമാക്കി. ഇപ്രകാരം ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമായവിധത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഡേറ്റാബേസുകളെ ഒാണ്‍ലൈന്‍ ഡേറ്റാബേസുകള്‍ എന്നുവിളിക്കുന്നു. ഇപ്രകാരമുള്ള ഡേറ്റാബേസുകള്‍ നിര്‍മിക്കുവാനും കൈകാര്യം ചെയ്യുവാനും സഹായിക്കുന്ന സോഫ്‌റ്റ്‌ വെയറുകളെയാണ്‌ ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം എന്നു വിളിക്കുന്നത്‌. eg: ഫോക്‌സ്‌ബേസ്‌, ഫോക്‌സ്‌പ്രോ, ഒറാക്കിള്‍, എം.എസ്‌. ആക്‌സസ്‌.

GPS
ഭൗമോപരിതലത്തിലെ ഏതൊരു സ്‌ഥാനവും ഏതൊരു കാലാവസ്‌ഥയിലും ഏതു സമയത്തും കൃത്യമായി നിര്‍ണയിക്കുവാന്‍ ഇന്നു നിലവിലുള്ള ഒരേയൊരു സംവിധാനമാണ്‌ GPS. ഇതിന്‌ മൂന്ന്‌ ഭാഗങ്ങളാണുള്ളത്‌. ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍, കാറില്‍ ഘടിപ്പിക്കുകയോ കൈയില്‍ കൊണ്ടുനടക്കുകയോ ചെയ്യാവുന്ന ഭൂമിയിലെ സ്വീകരണ സംവിധാനം, ഉപഗ്രഹങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന ഭൗമ കേന്ദ്രങ്ങള്‍ എന്നിവയാണവ. GPS ഉപഗ്രഹങ്ങള്‍ പ്രേഷണം ചെയ്യുന്ന സിഗ്‌നലുകള്‍ GPS സ്വീകരണിയോടുകൂടിയ ഏതൊരാള്‍ക്കും സ്വീകരിക്കാം. ഈ സിഗ്‌നലുകളുടെ സഹായത്താല്‍ ഏതൊരു സ്‌ഥാനവും വളരെ കൃത്യത യോടെ നിര്‍ണയിക്കാം. ചരിത്രത്തിലെതന്നെ ഏറ്റവും അതിശയകരവും വിപ്ലവാത്‌മകവുമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്‌ GPS. ഇതിന്‍െറ പുതിയ പല ഉപയോഗങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. 

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും... 

എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്? കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? മെച്ചപ്പെട്ട റഡാറുകള്‍ നിര്‍മ്മിച്ച് പരിപാലിച്ച്  അവ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്? നമ്മള്‍ സാധാരണക്കാര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെല്ലാം നല്ല മറുപടി ഈയടുത്തകാലത്ത് നമ്മള്‍ക്ക് കിട്ടിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് ഒഡീഷ സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കൊടുങ്കാറ്റിനെ നാം അതിജീവിച്ചപ്പോള്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കായി മുടക്കുന്ന പണം നമുക്ക് നൂറിരട്ടിയായി മുതലായി.



കുറച്ചുകാലം മുന്‍പുവരെ കാലാവസ്ഥാ പ്രവചനം നമുക്കൊരു നേരമ്പോക്കിനുള്ള വകയായിരുന്നു. കാരണം പ്രവചനങ്ങളൊന്നും അങ്ങ് ശരിയാകുന്നില്ല. ഒത്താല്‍ ഒത്തു എന്ന മട്ടിലിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ കാലം മാറിയിരിക്കുന്നു. 1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല. തുടര്‍ന്ന് അരങ്ങേറിയത് ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം, നമ്മളാണ് നമ്പര്‍ വണ്‍.