Christmas Exam


Labour India Info World

Thursday 14 March 2013

Class X Social science I chapter-1ആധുനിക ലോകത്തിന്റെ ഉദയം

See a video of the Silk Route

നഗരങ്ങളുടെ ഉദ്‌ഭവം
വാണിജ്യവും വ്യാപാരവും ചെലുത്തിയ സ്വാധീനത്തിന്‍െറ പ്രകടമായ തെളിവുകള്‍ നഗരങ്ങളുടെ ഉദ്‌ഭവത്തിലും വളര്‍ച്ചയിലും നമുക്ക്‌ കാണാന്‍ കഴിയും. വിക്കിങ്ങുകളുടെയും വെനീഷ്യരുടെയും വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി പത്താംനൂറ്റാണ്ടില്‍ പുതിയ നഗരങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. യൂറോപ്പിലെ ജനസംഖ്യയിലുണ്ടായ വലിയ വര്‍ദ്ധനവും നഗരങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ വഴിതെളിച്ചു. പുതിയ ജനവാസകേന്ദ്രങ്ങളുടെ സ്‌ഥാനം നിര്‍ണയിക്കുന്നതില്‍ പൊതുവേ എല്ലാവര്‍ക്കും എത്തിച്ചേരുന്നതിനുള്ള സൗകര്യവും ഭൂമിശാസ്‌ത്രപരമായ കിടപ്പും മുഖ്യഘടകങ്ങളായിരുന്നു.
കോണ്‍സ്‌റ്റാന്റിനോപ്പിള്‍
കരിങ്കടലിന്‌ സമീപം സ്‌ഥിതിചെയ്യുന്ന കോണ്‍സ്‌റ്റാന്റിനോപ്പിളിന്‌ ചരിത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്‌. ഇത്‌ ഏഷ്യയോടും യൂറോപ്പിനോടും തൊട്ടുകിടക്കുന്ന പ്രദേശമാണ്‌. മധ്യകാലയുഗത്തില്‍ ബൈസാന്റിയന്‍ ഭരണകൂടമായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്‌.
1453 ല്‍ തുര്‍ക്കികള്‍ ഈ പ്രദേശം കീഴടക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്‌തു. ഇതോടുകൂടി യൂറോപ്പിന്‍െറയും ഏഷ്യയുടെയും ചരിത്രഗതിതന്നെ മാറിമറിഞ്ഞു. ഇതേത്തുടര്‍ന്ന്‌ യൂറോപ്പില്‍ നവോത്ഥാനം ആരംഭിച്ചു. യൂറോപ്യന്മാരെ സമുദ്രാന്തരയാത്രകളിലേക്ക്‌ നയിച്ചത്‌ ഈയൊരു സംഭവമാണ്‌


അള്‍റിച്ച്‌ സ്വിംഗ്‌ളി (Huldreich Zwingli) (1484-1531)
സ്വിറ്റ്‌സര്‍ലണ്ടിലെ പ്രൊട്ടസ്‌റ്റന്റ്‌ നവോത്ഥാനത്തിന്‍െറ മുഖ്യപരിഷ്‌കര്‍ത്താവാണിദ്ദേഹം. 1506 ല്‍ ഇദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. സമകാലികനായിരുന്ന മാര്‍ട്ടിന്‍ ലൂഥറിന്‍െറ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട്‌ 1518 ല്‍ സൂറിച്ചില്‍ നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചു. റോമന്‍ കത്തോലിക്കാസഭയുടെ ആചാരക്രമം, ജീര്‍ണ്ണത, അധികാരശ്രേണി എന്നിവയെ വെല്ലുവിളിച്ചു. ഇദ്ദേഹത്തിന്‍െറ 67 ലേഖനങ്ങളിലെ പ്രധാനവാദഗതികള്‍ സൂറിച്ചിലെ ഒട്ടുമിക്ക വൈദികരും സ്വീകരിച്ചു. ക്രിസ്‌തുമാത്രമാണ്‌ സഭയുടെ തലവനെന്നും മരിച്ചവര്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, ശുദ്ധീകരണസ്‌ഥലം എന്നിവയ്‌ക്കൊന്നും ബൈബിളനുസരിച്ച്‌ യാതൊരു അടിസ്‌ഥാനവുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


ജോണ്‍ കാല്‍വിന്‍ (1509-1564): ഫ്രഞ്ച്‌ പ്രൊട്ടസ്‌റ്റന്‍റ്‌ ദൈവശാസ്‌ത്രപണ്‌ഡിതനും കത്തോലിക്കാസഭ പരിഷ്‌കരണപ്രസ്‌ഥാനത്തിലെ മുഖ്യവ്യക്‌തിയുമായിരുന്നു ജോണ്‍ കാല്‍വിന്‍. അദ്ദേഹം പാരീസ്‌ സര്‍വകലാശാലയില്‍നിന്ന്‌ മതവും ഓര്‍ലിയന്‍സ,്‌ ബൂര്‍ജസ്‌ എന്നിവിടങ്ങളില്‍നിന്ന്‌ നിയമവും പഠിച്ചു. 1531 ല്‍ അദ്ദേഹം പാരീസിലേക്ക്‌ തിരിച്ചുവന്നു. 1536 ല്‍ ``ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ദ ക്രിസ്‌ത്യന്‍ റിലീജിയന്‍'' എന്ന ഗ്രന്‌ഥം പ്രസിദ്ധപ്പെടുത്തി. ഇതോടെ ``നവീകരണപ്രസ്‌ഥാനത്തിന്‍െറ ധൈഷണികനേതാവ്‌'' എന്ന സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു. 1536ല്‍ ജനീവയിലെത്തുകയും അവിടെ പ്രൊട്ടസ്‌റ്റന്റ്‌ ആശയമനുസരിച്ചുള്ള ഒരു ഭരണം സ്‌ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹത്തെ 1538 ല്‍ ജനീവയില്‍ നിന്നും നാടുകടത്തി.
1541 ല്‍ അദ്ദേഹം തിരിച്ച്‌ ജനീവയിലെത്തുകയും വൈദികഭരണസംവിധാനം (പ്രസ്‌ബറ്റീരിയനിസം) നടപ്പിലാക്കി. പുരോഹിതനായി ജനീവന്‍ അക്കാദമിയുടെ തലവനായി സേവനമനുഷ്‌ഠിക്കുകയും കാല്‍വിനിസത്തിനടിത്തറയിടുകയും ചെയ്‌തു. പ്രാര്‍ത്ഥനാഗീതങ്ങള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍, കത്തുകള്‍ എന്നിവ എഴുതുകയും ചെയ്‌തു. ലൂഥറനിസത്തില്‍ നിന്നും വിഭിന്നമായി പ്രൊട്ടസ്‌റ്റന്റ്‌ സഭയുടെ `നവീകൃതം'
(Reformed) എന്നറിയപ്പെടുന്ന വിഭാഗത്തിന്‍െറ വിശ്വാസപ്രമാണങ്ങളിലും കാറ്റിക്കിസങ്ങളിലും മറ്റും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ ദൈവശാസ്‌ത്രതത്വസംഹിതയാണ്‌ കാല്‍വിനിസം.



മാര്‍ട്ടിന്‍ ലൂഥര്‍ (1484-1546)
ക്രിസ്‌തുമതനവീകരണപ്രസ്‌ഥാനത്തിനു തുടക്കം കുറിച്ച ജര്‍മ്മന്‍ പുരോഹിതനാണ്‌ മാര്‍ട്ടിന്‍ ലൂഥര്‍. തത്ത്വശാസ്‌ത്രവും നിയമവും പഠിച്ചതിനുശേഷം വൈദികപട്ടം നേടിയ അദ്ദേഹം വിറ്റെന്‍ബര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍ മതപഠനം തുടരുകയും അവിടെത്തന്നെ ദൈവശാസ്‌ത്രത്തില്‍ പ്രൊഫസറായിത്തീരുകയും ചെയ്‌തു. 1510 ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ വൈദികരുടെ അഴിമതി അദ്ദേഹത്തെ ഞെട്ടിച്ചു. പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന്‌ ഒഴിവാക്കാനായി പാപവിമോചനച്ചീട്ട്‌ വിറ്റിരുന്നതിനെ അദ്ദേഹം എതിര്‍ത്തു. റോമന്‍ കത്തോലിക്കാസഭയില്‍ പരിഷ്‌കാരം ആവശ്യമാണെന്ന്‌ അദേഹം വാദിച്ചു. 1517 ല്‍ തൊണ്ണൂറ്റഞ്ചു പഠനങ്ങള്‍ വിറ്റെന്‍ബര്‍ഗ്‌ പള്ളിമാളികയുടെ ചുവരില്‍ പതിച്ചു. സാധാരണജനങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാന്‍ വേണ്ടി ബൈബിള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്‌ജമ ചെയ്‌തു. വിറ്റെന്‍ബര്‍ഗില്‍ ലൂഥര്‍ തന്‍െറ 95 പ്രമാണങ്ങള്‍ പതിച്ചത്‌ മതനവീകരണപ്രസ്‌ഥാനത്തിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ മാര്‍ട്ടിന്‍ ലൂഥറിന്‍െറ തത്ത്വങ്ങളിലധിഷ്‌ഠിതമായ പ്രൊട്ടസ്‌റ്റന്റ്‌ പ്രസ്‌ഥാനം ഉയര്‍ന്നുവന്നു. വിശ്വാസത്തിലൂടെ മാത്രം മോക്ഷം, ബൈബിള്‍ ആയിരിക്കണം സഭയുടെ ആധികാരിക ഗ്രന്‌ഥം എന്നെല്ലാം ലൂഥറനിസം ഉദ്‌ഘോഷിക്കുന്നു.